പേരൂര്‍ക്കട: നഗരത്തിലെ ജലവിതരണ സംവിധാനത്തെ തുലാസിലാക്കി പുതിയ പൈപ്പിന്റെ പണി ഏറ്റെടുക്കാന്‍ കരാറുകാര്‍ എത്താത്തതു തിരിച്ചടിയാകുന്നു. വെള്ളയമ്പലം ഒബ്സര്വേറ്ററിയില്നിന്ന് നഗരത്തിലെ പ്രധാന പോയിന്റുകളിലേക്ക് ജലം വിതരണം ചെയ്യുന്ന 315 എം.എം എച്ച്ഡിപിഇ (ഹൈ ഡെന്‍സിറ്റി പോളിമര്‍ പൈപ്പ്) മാറ്റി സ്ഥാപിക്കുന്നതാണ് ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്.
പഴയ പൈപ്പ് കാലപ്പഴക്കം ചെന്നതുകാരണം നന്ദാവനം, ബേക്കറി ജംഗ്ഷന് എന്നിവിടങ്ങളില്‍ അടുത്തിടെ പൊട്ടിക്കഴിഞ്ഞു. ഒരുമീറ്റര്‍ ആഴത്തിലാണ് പൈപ്പ് കടന്നുപോകുന്നത്. തിരുവനന്തപുരം ജില്ലയുടെ സുപ്രധാന കേന്ദ്രങ്ങളായ സെക്രട്ടേറിയറ്റ്, സ്റ്റാച്യു, ആയുര്‍വേദ കോളജ്, വാന്റോസ് ജംഗ്ഷന്, പ്രസ് റോഡ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ വെള്ളമെത്തിക്കുന്നത് ഈ പൈപ്പുവഴിയാണ്.
സെക്രട്ടേറിയറ്റിലേക്കു വെള്ളം നല്‍കുന്നതിന് ഈയൊരു പൈപ്പ് മാത്രമാണ് ആശ്രയമായിട്ടുള്ളത്. പുതിയ 350 എംഎം ഡിഐ (ഡക്റ്റൈല്‍ അയണ്‍) പൈപ്പാണ് ഇനി സ്ഥാപിക്കേണ്ടുന്നത്. ഇതിനുള്ള കരാര്‍ ഏറ്റെടുക്കാനാണ് ആളില്ലാത്തത്.
കിഫ്ബിയുടെ അഞ്ചുകോടി രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ മൂന്നു കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന പഴയ പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ സാധിക്കൂ. തിരുവനന്തപുരത്തെ പ്രോജക്ട് ഓഫീസിനാണ് ഇതിന്റെ ചുമതല. കിഫ്ബിയുടെ പേപ്പര്‍ വര്ക്കുകളിലുണ്ടാകുന്ന നൂലാമാലകള്‍ കാരണം കരാറുകാര്‍ക്ക് കൃത്യസമയത്ത് ബില്‍ മാറിക്കിട്ടാത്തത് കരാറുകാരെ കിട്ടാത്തതിനു കാരണമാകുന്നുണ്ടെന്നാണു സൂചന.
അടുത്തിടെ രണ്ടുതവണ ടെന്‍ഡര്‍ ക്ഷണിച്ചുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഏതായാലും പഴയ പൈപ്പ് മാറ്റിസ്ഥാപിക്കാത്തപക്ഷം ലക്ഷക്കണക്കിന് ലിറ്റര്‍ ജലചോര്ച്ചയ് ക്കും റോഡ് തകര്‍ച്ചയ്ക്കും യാത്രാതടസത്തിനും കാരണമാകും.